മടയിൽ ചാമുണ്ഡി തെയ്യം.

 Back to All Theyyams


Stories of Kerala Temple
മടയിൽ ചാമുണ്ഡി തെയ്യം.

വടക്കേമലബാറിൽ അരങ്ങേറുന്ന ഒരു ഭഗവതി തെയ്യമാണ്‌ മടയിൽ ചാമുണ്ഡി. ഭഗവതിക്കോലങ്ങളിൽ അതീവ ശക്തിസ്വരൂപിണിയായി ആരാധിക്കപ്പെടുന്ന തെയ്യമാണ് മടയിൽ ചാമുണ്ഡി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കണ്ണൂർ ജില്ലയിലെ പ്രശസ്തമായ മാടായിക്കാവുമായോ (മാടായിക്കാവ്) അതല്ലെങ്കിൽ ദേവി കുടികൊള്ളുന്ന 'മട'കളുമായോ ബന്ധപ്പെട്ടാണ് ഈ തെയ്യത്തിന്റെ ഐതിഹ്യം നിലനിൽക്കുന്നത്.


ഐതിഹ്യം

വണ്ണാടിൽ പൊതുവാൾ കൂട്ടിനായി പയ്യാടക്കത്ത് നായരേയും കൂട്ടി നായാട്ടിനു പോയി. 
ഒരു മൃഗത്തേയും കിട്ടാതിരിക്കുമ്പോൾ കുറച്ചകലെ മടയിൽ ഒരു അനക്കം കേട്ടു.
പന്നിയാണെന്നു കരുതിയ പൊതുവാൾ ശബ്ദം കേട്ട ദിക്കു നോക്കി അമ്പെയ്തു.
ഗുഹയിൽ നിന്നും വലിയൊരു അലർച്ചയും ചിലമ്പിന്റെ ശബ്ദവും കേട്ട പൊതുവാൾ ജീവനും കൊണ്ട് ഓടി വീട്ടുമുറ്റത്തെത്തി. 
ആളെ വിളിക്കുന്നതിനു മുമ്പ് പിന്നാലെ എത്തിയ ഒരു ഭീകരമൂർത്തി പൊതുവാളിനെ ചവുട്ടികൊന്ന് പുറം കാലുകൊണ്ട് തട്ടിയെറിഞ്ഞു. 
ആ ഭീകര രൂപി മടയിൽ ചാമുണ്ഡി ആണെന്ന് ഐതിഹ്യം. 
തെയ്യത്തിന്റെ പന്നിയുടെ മുഖം, കോഴിയെ കൊന്ന് പുറം കാലുകൊണ്ട് എറിയുന്നതും നായാട്ടിനെ ഓർമ്മപ്പെടുത്തുന്ന ചടങ്ങുകളാണ്. 
വണ്ണാടിൽ തറവാട്ടിലെ കുലദേവതയാണ് മടയിൽ ചാമുണ്ഡി.




വിവരണം

പാതാളമൂർത്തി എന്നുകൂടി വിളിപ്പേരുള്ള തെയ്യമാണിത്. 
ഒരു മടയിൽ ( ഗുഹയിൽ ) പ്രത്യക്ഷപ്പെട്ടത് കൊണ്ടാണ് മടയിൽ ചാമുണ്ഡി എന്ന് വിളിക്കപ്പെടുന്നത്.
ചണ്ഡമുണ്ഡന്മാരെ പാതാളം വരെ പിന്തുടർന്നു വധിച്ച ഭൈരവിയാണ് മടയിൽ ചാമുണ്ഡി. 
ആലന്തട്ടയിലെ വനപ്രദേശത്ത് നായാട്ടിനു ഇറങ്ങിയ വണ്ണാടിൽ പൊതുവാൾ എന്ന ജന്മിയുടെ പിന്നാലെ ഒരു മടയിൽ നിന്നും പുറപ്പെട്ടു വന്നു എന്ന് ഐതിഹ്യം. 
തോറ്റം പാട്ട് പ്രകാരം മടയിൽ നിന്നും വന്ന ചാമുണ്ഡി ആലന്തട്ട മടവാതിൽക്കലും, തിമിരിഗോപുരത്തിലും കരിവെള്ളൂര്‍ കൊട്ടൂരിലും പയ്യന്നൂര്‍ വണ്ണാട് മീനക്കൊട്ടിലിലും ആരൂഡം ആയി ആരാധിക്കപ്പെടുന്നു. ആനമടചാമുണ്ഡി, ബലിച്ചേരി ചാമുണ്ഡി, മേനച്ചൂർ ചാമുണ്ഡി, കരിമണൽ ചാമുണ്ഡി, മാമല ചാമുണ്ഡി എന്നീ പേരുകളിലും മടയിൽ ചാമുണ്ഡി തെയ്യം കെട്ടിയാടുന്നു.

 

തോറ്റം

യമണ്ടിയാം മടയകത്തങ്ങുതകിയ മടപാതാളം കരുമണൽ താമളത്തോടഴകേറുമാലത്തട്ട മടവാതിൽ മഹിമതങ്കും വണ്ണാടി മീനക്കൊട്ടിൽ നിലയേറുമധിഷ്‌ഠാനങ്ങൾ നിലനിന്നു കൊണ്ട് മായേ........ 
ആദിതാനാദിത്യനാദിതാൻ മൂർത്തി നീ-യമ്പോടുടൻ കലർന്നുണ്ടായ ഭൈരവീ........ 

എന്ന തോറ്റത്തിലും കാളീ ദേവിയുടെ കേശാദിപാദ വർണ്ണന കാണാം.

 

ഉത്തരകേരളത്തിൽ മലയർ, വണ്ണാൻ, മാവിലൻ, പുലയൻ തുടങ്ങിയ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.
മാതമംഗലത്തുള്ള മേനാശൂര എന്ന സ്ഥലത്ത് കെട്ടിയാടുന്ന മടയിൽ ച്ചാമുണ്ഡിയെ മേനാച്ചുറച്ചാമുണ്ടിയെന്നും പറയും മാവില സമുദായക്കാർ കെട്ടുന്ന ആനമടച്ചാമുണ്ഡിയും വണ്ണാൻ സമുദായക്കാർ കെട്ടുന്ന മലമ്മചാമുണ്ഡിയും മടയിൽ ചാമുണ്ഡി തന്നെയാണെന്നാണ് വിശ്വാസം.



WhatsAppShare
Share
കൂടുതൽ തെയ്യം വിവരങ്ങൾക്കായി..
Top