കാർത്തിക ചാമുണ്ഡി തെയ്യം.

 Back to All Theyyams


Stories of Kerala Temple
കാർത്തിക ചാമുണ്ഡി തെയ്യം.

ഉത്തരമലബാറിലെ കാവുകളിലും തറവാടുകളിലും കെട്ടിയാടപ്പെടുന്ന ഭഗവതിക്കോലങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് കാർത്തിക ചാമുണ്ഡി. ആദിപരാശക്തിയുടെ രൗദ്രഭാവമായ ചാമുണ്ഡിയുടെ ഒരു സവിശേഷ രൂപമാണിത്.


കാസറഗോഡ് ജില്ലയിലെ അരയി ദേശത്തെ കൃഷിയിടങ്ങളും കൃഷികൾക്കും കാവൽക്കാരായിട്ടാണ് കാർത്തിക ചാമുണ്ഡിയമ്മയും, കാലിച്ചേകവൻ തെയ്യവും, തേയ്യത്തുകാരിയും, ഗുളികനും അറിയപ്പെടുന്നത്.

അരയി കാർത്തിക കാവിലെ തെയ്യങ്ങൾ വളരെ പ്രത്യേകതയുള്ളതാണ്.
പുലയ സമുദായക്കാർ കെട്ടിയാടുന്ന കാർത്തിക ചാമുണ്ടി, തേയ്യത്ത് കാരി, ഗുളികൻ എന്നീ തെയ്യങ്ങൾ കാർത്തിക കാവിലെ കലാശങ്ങൾക്ക് ശേഷം കടത്ത് വഞ്ചിയിൽ അക്കരെയുള്ള കാലിച്ചാൻ കാവ് ദേവസ്ഥാനത്തേക്ക് എഴുന്നള്ളുന്നത് കൗതുകകരമായ കാഴ്ചയാണ്.
അപ്പോഴേക്കും അക്കരെയുള്ള കാലിച്ചാൻ കാവിൽ കാലിച്ചാൻ ദൈവം ഉറഞ്ഞാടി തെയ്യങ്ങളെ വരവേൽക്കാൻ കാത്തു നിൽക്കുന്നുണ്ടായിരിക്കും. കാവിലെത്തിയ തെയ്യങ്ങൾ കാലിച്ചാനുമായി സംഭാഷണത്തിലേർപ്പെടുകയും മഞ്ഞൾക്കുറി നൽകി ഭക്തരെ അനുഗ്രഹിക്കുകയും ചെയ്യും. തുടർന്ന് സമീപ പ്രദേശങ്ങളിലെ ചില വീടുകളും സന്ദര്ശിച്ച് അനുഗ്രഹം നൽകിയ ശേഷമേ തെയ്യങ്ങൾ തിരിച്ചു കാവിലേക്കു പുറപ്പെടുകയുള്ളൂ. 
അരിവിതച്ച്‌ അരയിയെ സമൃദ്ധമാക്കിയ അരയി ചാമുണ്ടി അരയി പുഴകടന്നത്‌ ഭക്തർക്ക്‌ നിർവൃതിയാവുന്നു.


വടക്കേമലബാറിലെ തെയ്യങ്ങൾക്ക്‌ തുടക്കം കുറിച്ചുകൊണ്ട്‌ അരയി കാർത്തിക കാവിൽ നിന്നും വൈകിട്ടോടെയാണ്‌ കാർത്തിക ചാമുണ്ടിയും കാലിച്ചേകവനും തോണി കടന്ന്‌ അരയിലെ കൃഷിയിടങ്ങൾ നോക്കി കാണുന്നത്. വിത്ത്‌ വിതക്കുന്നതിനും പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും തെയ്യത്തെ ആശ്രയിക്കുന്ന വടക്കേമലബാറിലെ തെയ്യാട്ടത്തിന്‌ തുടക്കം കുറിച്ചാണ്‌ അരയിയിലെ വയലുകൾ സന്ദർശിക്കാൻ തെയ്യങ്ങൾ പുറപ്പെടുന്നത്.


വയലുകളുടേയും കൃഷിയുടേയും സംരക്ഷകയാണ്‌ കാർത്തിക ചാമുണ്ഡിയും തേയ്യത്തുകാരിയുമെന്നാണ്‌ വിശ്വാസം. ഇവർക്കൊപ്പം ഗുളികൻ തെയ്യവും കൂടെ ചേർന്നാണ്‌ തോണിയിൽ കാലിച്ചേകവനെ കാണാനെത്തുന്നത്‌. വളർത്തുമൃഗങ്ങളുടെ സംരക്ഷകനാണ്‌ കാലിച്ചേകവൻ തെയ്യം.


കാർത്തിക ചാമുണ്ഡിയും കാലിച്ചേകവനും കണ്ടുമുട്ടി കാർഷിക സമൃദ്ധിയുടെ ഓർമ്മകൾ പങ്കുവെക്കുന്നു. തുടർന്ന്‌ കൃഷിയിടങ്ങളെയും കൃഷിയെയും കുറിച്ച് ദീർഘസംഭാഷണം പൂർത്തിയാക്കി തൊഴുകൈയ്യോടെ വണങ്ങി നിൽക്കുന്ന ഭക്തരെ അനുഗ്രഹിച്ച് പ്രസാദവും നൽകി തെയ്യങ്ങൾ തോണിയേറി വരുന്ന കാഴ്ച കാണാനായി അരയീ പുഴയുടെ തീരത്ത്‌ നിരവധി ഭക്തർ കാത്തു നിൽക്കുന്നുണ്ടായിരിക്കും. ഈശ്വരസങ്കൽപ്പത്തെ പ്രകൃതിയുമായി ചേർത്തുകാണുന്നതാണ്‌ ചാമുണ്ഡി-കാലിച്ചേകവൻ കൂടിക്കാഴ്ചയുടെ ആധാരം. കന്നുകാലികളുടെ സഹായമില്ലാതെ കൃഷിയിറക്കാൻ കഴിയാതിരുന്ന കാലത്തെ ഓർമ്മപ്പെടുത്തൽ കൂടിയാണ്‌ തെയ്യങ്ങളുടെ കണ്ടുമുട്ടൽ.
കളിയാട്ടത്തിന്‌ ശേഷമാണ്‌ ഇവിടെ കൃഷിപ്പണികൾക്ക്‌ തുടക്കമാകുക.




തോറ്റംപാട്ട്

കാർത്തിക ചാമുണ്ഡിയുടെ ഉല്പത്തിയെക്കുറിച്ചും ദേവിയുടെ വീരകൃത്യങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങൾ അടങ്ങിയതാണ് ഈ തെയ്യത്തിന്റെ തോറ്റംപാട്ട്. തെയ്യം പുറപ്പെടുന്നതിന് മുൻപായി പാടുന്ന ഈ പാട്ടുകളിൽ ദേവിയുടെ ഓരോ അംഗപ്രത്യംഗ വർണ്ണനകളും അടങ്ങിയിരിക്കുന്നു.

 

വേഷവിധാനവും രൂപഭാവവും

  • മുഖത്തെഴുത്ത്: വളരെ ആകർഷകവും എന്നാൽ ഗൗരവമേറിയതുമായ മുഖത്തെഴുത്താണ് കാർത്തിക ചാമുണ്ടിയുടേത്. ഇതിനെ 'കടുംചുവപ്പ്' നിറത്തിലുള്ള ചായക്കൂട്ടുകൾ കൊണ്ടാണ് അലങ്കരിക്കുക.

  • തിരുമുടി: സാധാരണയായി 'വട്ടമുടി'യോ അല്ലെങ്കിൽ 'വലിയ മുടി'യോ ആണ് ഈ തെയ്യത്തിന് ഉപയോഗിക്കാറുള്ളത്.

  • ആയുധങ്ങൾ: കയ്യിൽ വാളും പരിചയും ഏന്തിക്കൊണ്ടാണ് ദേവിയുടെ തെയ്യാട്ടം.



WhatsAppShare
Share
കൂടുതൽ തെയ്യം വിവരങ്ങൾക്കായി..
Top