ഭൂതം / പൂതം തെയ്യം.

 Back to All Theyyams


Stories of Kerala Temple
ഭൂതം / പൂതം തെയ്യം.

ഉത്തരമലബാറിലെ തെയ്യപ്രപഞ്ചത്തിൽ വളരെ വ്യത്യസ്തമായൊരു ശൈലിയും അവതരണവുമുള്ള തെയ്യങ്ങളാണ് ഭൂതങ്ങൾ . ശിവന്റെ ഭൂതഗണങ്ങളെയാണ് പ്രധാനമായും ഈ തെയ്യങ്ങൾ പ്രതിനിധീകരിക്കുന്നത്. പല കാവുകളിലും പ്രധാന ദേവതമാരുടെ കാവൽക്കാരായോ, ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കുന്നവരായോ, അല്ലെങ്കിൽ ദേവതയുടെ വിശ്വസ്തരായ സഹായികളായോ ആണ് ഭൂതം തെയ്യം കെട്ടിയാടുന്നത്.


ഭൂതം/യക്ഷി/പൂതം ദേവതകൾ

 ഭൂതം / പൂതം എന്ന് ഏവർക്കും സുപരിചിതമായ വാക്കാണെങ്കിലും ഉത്തര കേരളത്തിൽ തെയ്യക്കോലമായി പല കാവുകളിലും കെട്ടിയാടാറുള്ള നമ്മൾ എന്നും കുട്ടികളെയും മറ്റും പറഞ്ഞു പേടിപ്പിക്കാറുള്ള ആ ഭൂതങ്ങൾ തന്നെ അനുഗ്രഹങ്ങളുമായി നമ്മൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയാണ് എന്ന് നോക്കാം.

ഭൂതാരാധന

ഭൂതാരാധനയ്ക്ക് തുളുനാട്ടിലുള്ള പ്രാധാന്യം കേരളത്തിലില്ല. 
എങ്കിലും തെയ്യാട്ടത്തിന്റെ രംഗത്ത് ഭൂതാരാധനയും നിലനില്ക്കുന്നു.
വെളുത്തഭൂതം, കരിംപൂതം, ചുവന്നഭൂതം എന്നീ തെയ്യങ്ങൾ ശിവാംശഭൂതങ്ങളാണ്.
ദുർമൃതിയടഞ്ഞ പ്രേതപിശാചുക്കളിൽ ചിലതും ‘ഭൂത’മെന്ന വിഭാഗത്തിൽ വരുന്നുണ്ട്.
അണങ്ങ്ഭൂതം, കാളർഭൂതം, വട്ടിപ്പൂതം എന്നിവ അതിനു തെളിവാണ്.
എന്നാൽ തെയ്യത്തിലെ ചില ദേവതകളെ (പഞ്ചുരുളി തുടങ്ങിയവർ ) ഭൂതക്കോലങ്ങളായി കെട്ടിയാടിക്കുമ്പോൾ ഭൂതം എന്ന് അവരെയും വിശേഷിപ്പിക്കാറുണ്ട്.
(ഉദാ : പഞ്ചുരുളി ഭൂതം ) ‘യക്ഷി’ എന്ന പേരിലുള്ള ദേവതയൊന്നും തെയ്യത്തിൽ കാണുന്നില്ലെങ്കിലും ചില ഭഗവതിമാരും ചാമുണ്ഡികളും യക്ഷീസങ്കല്പത്തിലുള്ളവയാണെന്നാണു പുരാസങ്കല്പം. 
കരിഞ്ചാമുണ്ഡി ഒരു യക്ഷിത്തെയ്യമാണെന്നു കരുതപ്പെടുന്നു. 
പൈതങ്ങളെയും കോഴികളെയും പിടിച്ചു ഭക്ഷിക്കുന്ന ഒരു ഭീകര ദേവതയാണെന്നു മാത്രമേ തോറ്റംപാട്ടിൽ പറയുന്നുള്ളൂ.
വേലന്മാർ കെട്ടിയാടാറുള്ള പുള്ളിച്ചാമുണ്ഡി എന്ന തെയ്യം വണ്ണാന്മാർ കെട്ടിയാടുന്ന കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ സങ്കല്പത്തിലുള്ളതു തന്നെയാണ്.
പുള്ളിഭഗവതിയും യക്ഷി സങ്കല്പത്തിലുള്ളതാണെന്നു കരുതി വരുന്നു. 
കരിഞ്ചാമുണ്ഡിയുടെ കൂട്ടുകാരികളിലൊന്നത്രെ ആ ഉഗ്രദേവത. 
കാമൻ, ഗന്ധർവൻ എന്നീ സങ്കല്പങ്ങളിലും തെയ്യങ്ങൾ കെട്ടിയാടാറുണ്ട്.

ഉത്തരകേരളത്തിലെ തെയ്യം, തിറ എന്നിവയുടെ രംഗത്ത് അനേകം ഭൂതങ്ങളെ കാണാം.
വെളുത്തഭൂതം, ചുവന്നഭൂതം എന്നിവ ശിവഭൂതങ്ങളാണ്.
പൂത്തതാര് എന്നപേരിൽ പുലയർ കെട്ടുന്ന തെയ്യവും ശിവംശത്തിൽ ഉള്ളതാണ്.
ആശാരിമാരുടെ സ്ഥാനങ്ങളിൽ കെട്ടിയാടാറുള്ള മണികുനൻഡൻ  എന്ന തെയ്യവും ഒരു ഭൂതമാണ്.
ആലി, ബപ്പിരിയൻ തുടങ്ങിയ മാപ്പിളത്തെയ്യങ്ങളെയും കുട്ടിച്ചാത്തൻ,ഭൈരവൻ, ഗുലികൻ, ക്ഷേത്രപാലകൻ തുടങ്ങിയ ദേവതകളെയും തുളുനാട്ടിൽ ഭൂതങ്ങളായിട്ടാണ് സങ്കൽപ്പിക്കുന്നത്.




പ്രധാന സവിശേഷതകൾ

  • ഹാസ്യാവതരണം: ഭയപ്പെടുത്തുന്ന രൂപത്തിന് പകരം, വളരെ രസകരമായ ചലനങ്ങളും തമാശ നിറഞ്ഞ സംസാരവുമാണ് ഭൂതം തെയ്യങ്ങൾക്കുള്ളത്. ഇതിൽ ഏറ്റവും പ്രശസ്തമായത് 'ശ്രീ ഭൂതം' ആണ്. കാണികളുടെ ഇടയിലൂടെ ഓടിനടക്കുകയും, അവരെ കളിയാക്കുകയും, വായ്മൊഴികൾ കൊണ്ട് സദസ്സിനെ മുഴുവൻ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന ഈ തെയ്യം ഉത്സവപ്പറമ്പുകളിൽ വലിയൊരു വിനോദമാണ്.

  • മുഖപ്പാളിയും വേഷവും: മറ്റ് വലിയ തെയ്യങ്ങളുടേത് പോലെയുള്ള ഭാരമേറിയ തിരുമുടിയോ സങ്കീർണ്ണമായ മുഖത്തെഴുത്തോ ശ്രീഭൂതത്തിനില്ല. ചുവന്ന മുണ്ടുടുത്ത്, മുഖത്ത് കവുങ്ങിൻ പാളകൊണ്ടുണ്ടാക്കിയ ഒരു പ്രത്യേക മുഖംമൂടിയും (പൊയ്ക്കണ്ണ് / മുഖപ്പാളി) വെച്ചാണ് ഈ തെയ്യം വരിക.

  • നിധികാക്കുന്ന ഭൂതം: പഴയകാലത്ത് കാവുകളിലെയും വലിയ തറവാടുകളിലെയും സമ്പത്തും നിധികളും കാത്തുസൂക്ഷിക്കുന്നത് ഇത്തരം അമാനുഷിക ശക്തിയുള്ള ഭൂതങ്ങളാണെന്നൊരു വിശ്വാസം നാട്ടിൻപുറങ്ങളിലുണ്ടായിരുന്നു. "നിധികാക്കുന്ന ഭൂതം" എന്ന ചൊല്ല് തന്നെ ഇതിൽ നിന്നുണ്ടായതാണ്.



WhatsAppShare
Share
കൂടുതൽ തെയ്യം വിവരങ്ങൾക്കായി..
Top