വീരർ കാളി തെയ്യം. 

 Back to All Theyyams


Stories of Kerala Temple
വീരർ കാളി തെയ്യം. 

പുതിയ ഭഗവതിയുടെ അനുചര വൃന്ദത്തിലുള്ള മറ്റൊരു പ്രധാന ദേവതയാണ് വീരർ കാളി. പാർവതിയുടെ അംശാവതാരമായ കാളി തന്നെയാണ് വീരർ കാളി എന്നറിയപ്പെടുന്ന വീര കാളിയമ്മ. പടകാളി എന്നും വീരകാളി എന്നും ഈ രണദേവത അറിയപ്പെടുന്നുണ്ട്.


കൈലാസത്തിൽ കുളിക്കുകയായിരുന്ന ദേവിയുടെ അടുത്തേയ്ക്ക് അനുവാദമില്ലാതെ ശിവ കിങ്കരന്മാർ ചെന്നപ്പോൾ ദേവി കുപിതയായി. ആ കോപത്തിൽ നിന്നുണ്ടായ വീര്യം കൈലാസത്തെ ഇല്ലാതാക്കും എന്ന് കണ്ട ദേവിയത് ഗര്‍ഭമായി മക്കളില്ലാത്ത വീരപാൽ പട്ടരുടെ ഭാര്യയ്ക്ക് നല്‍കി അനുഗ്രഹിച്ചു. അങ്ങിനെയുണ്ടായ സന്തതിയാണ് വീരർ കാളി. 


ചെറുപ്പത്തിൽ തന്നെ വിദ്യകളെല്ലാം കരസ്ഥമാക്കിയ ദേവി പന്ത്രണ്ട് വയസ്സ് തികഞ്ഞപ്പോഴേയ്ക്കും ലക്ഷണമൊത്ത സുന്ദരിയായി മാറി.
തുടര്‍ന്ന് വീരപാൽ പട്ടര്‍ക്ക് താനാരെന്ന് മനസ്സിലാക്കി കൊടുത്ത ശേഷം ദുഷ്ട നിഗ്രഹണാർത്ഥം വടക്ക് നിന്ന് തെക്കോട്ടെക്ക് യാത്ര തിരിച്ചു. 
ഈ യാത്രാ വേളയിലാണ് വീരർകാളി പുതിയോതിയെ കണ്ടു മുട്ടുന്നതും തമ്മിൽ പൊരുത്തമാകുന്നതും.


വീരർ കാളിയുടെ ഭക്തനായ പെരിങ്ങളായി കൈമൾ സ്വപ്നം കണ്ടത് അനുസരിച്ച് കുളക്കടവിൽ ചെന്നപ്പോൾ അവിടെ ഒന്നും കാണാത്തതിനാൽ ഇവിടെ ദേവിയുടെ സാന്നിധ്യം ഉണ്ടെങ്കിൽ എനിക്കത് കാണിച്ചു തരട്ടെ എന്ന് പ്രാർഥിച്ചു. 
അപ്പോൾ കൈമളുടെ മകുട കുട പറന്നു ചെന്ന് വീടിൻ്റെ പടിഞ്ഞാറ്റയിൽ സ്ഥാനമുറപ്പിച്ചു.
അങ്ങിനെ വീരർകാളിയെ കൈമൾ പടിഞ്ഞാറ്റയിൽ പ്രതിഷ്ഠിച്ചു.


പിന്നീട് പുതിയ ഭഗവതി, ഭദ്രകാളി എന്നിവര്‍ക്ക് കൂടി പടിഞ്ഞാറ്റയിൽ സ്ഥാനം നല്‍കുകയും അവരുടെ കോലസ്വരൂപം കെട്ടിയാടിക്കുകയും ചെയ്തുവത്രേ. വണ്ണാൻ സമുദായക്കാരാണ് വീരർകാളി കോലവും കെട്ടിയാടുന്നത്‌.




സാധാരണയായി പുതിയ ഭഗവതിയുള്ള ക്ഷേത്രങ്ങളിൽ മാത്രമേ ഈ കോലം ഉണ്ടാകാറുള്ളൂ.
അര്‍ദ്ധരാത്രിയിലാണ് ഈ തെയ്യത്തിൻ്റെ പുറപ്പാട് എന്നുള്ളത് വേണ്ടത്ര ശ്രദ്ധ കിട്ടാറില്ല. 
എന്നാൽ ചിലയിടങ്ങളിൽ പകൽ സമയത്തും കെട്ടിയാടിക്കാറുണ്ട്.



WhatsAppShare
Share
കൂടുതൽ തെയ്യം വിവരങ്ങൾക്കായി..
Top