വിഷ്ണുമൂർത്തി അഥവാ തീചാമുണ്ഡി തെയ്യങ്ങൾ



Stories of Kerala Temple
വിഷ്ണുമൂർത്തി അഥവാ തീചാമുണ്ഡി തെയ്യങ്ങൾ

 വടക്കേ മലബാറിലെ കാവുകളിലും, സ്ഥാനങ്ങളിലും കെട്ടിയാടുന്ന ഒരു തെയ്യമാണ് പരദേവത  എന്നുകൂടി അറിയപ്പെടുന്ന വിഷ്ണുമൂർത്തി അഥവാ തീച്ചാമുണ്ഡി തെയ്യം. വൈഷ്ണവ സങ്കൽപം പിൽക്കാലത്ത് ചാർത്തിക്കൊടുക്കപ്പെട്ട നായാട്ടുദേവനാണ് വിഷ്ണുമൂർത്തി  ആദ്യമായി വിഷ്ണുമൂർത്തി തെയ്യം കെട്ടിയത് പാലായി പെരെപ്പേൻ എന്ന മലയനാണ് എന്നാണ് വിശ്വാസം. ഒറ്റക്കോലം അഥവാ തീച്ചാമുണ്ഡി എന്ന പേരിൽ വയൽ തെയ്യമായും വിഷ്ണുമൂർത്തി തെയ്യം കെട്ടിയാടാറുണ്ട്. തീപ്രവേശമാണ് അവിടെ മുഖ്യം ഇതാണ് തീച്ചാമുണ്ഡി തെയ്യം. 


വീടുകളിൽ കെട്ടിയാടുന്ന വിഷ്ണുമൂർത്തി തെയ്യത്തിന് തീപ്രവേശത്തേക്കാൾ ഉഗ്രമൂർത്തിയായ നരസിംഹരൂപിക്കാണു മുഖ്യം. വീടുകളിൽ ഹിരണ്യകശ്യപുവിൻ്റെ  രക്തപാനവും നരസിഹമൂർത്തിയുടെ പൊയ്മുഖവും പിന്നെ പേരിനു മാത്രം ചെറിയതോതിൽ തീപ്രവേശവുമായി തെയ്യം അവസാനിക്കും.


മലയരാണ് വിഷ്ണുമൂർത്തിയെ കെട്ടിയാടുന്നത്. 
ഈ തെയ്യത്തിന് വെളിച്ചപ്പാടുകൾ നിർബന്ധമാണ്. 


തെയ്യം കെട്ടുന്നയാൾ അധികം മുഖത്തെഴുത്തോ അത്യധികമായ വേഷഭൂഷകളോ ഇല്ലാതെ തോറ്റം ചൊല്ലി ഉറഞ്ഞാടുന്ന കുളിച്ചാറ്റം എന്ന ചടങ്ങും തെയ്യത്തിൻ്റെ പുറപ്പാടിനു വളരെ മുമ്പേ ആയിട്ടുണ്ടാവും.  ഇത് തോറ്റം എന്നും അറിയപ്പെടുന്നു.


നരസിംഹമായി വിഷ്ണുമൂർത്തി തെയ്യത്തിൻ്റെ ഐതിഹ്യം

വിഷ്ണു മൂർത്തിയുടെ ചരിത്രം പാലന്തായികണ്ണൻ എന്ന വാല്യക്കാരൻ ചെക്കനുമായി ബന്ധപ്പെട്ടിരിക്കുന്നു. നീലേശ്വരത്തെ കുറുവാട്ടു കുറുപ്പിൻ്റെ വീട്ടിലെ വേലക്കാരനായിരുന്നു കണ്ണൻ. 


ഒരിക്കൽ പറമ്പിൽ നിന്നും മാങ്ങ പറിച്ചു തിന്നുകയായിരുന്ന കണ്ണൻ്റെ കയ്യിൽ നിന്നും മാങ്ങ കുറുപ്പിൻ്റെ അനന്തരവളുടെ മാറിൽ‌വീഴാനിടയായി. വിവരമറിഞ്ഞ കുറുപ്പ് കണ്ണനെ കൊല്ലുമെന്നു പാട്ടകൊട്ടി വിളംബരം ചെയ്തു. ഇതറിഞ്ഞ കണ്ണൻ നാടുവിട്ടു മംഗലാപുരത്തേക്ക് നാടു കടക്കുന്നു.

കരുമനയിൽ പാലന്തായി വിരുതനതായുള്ളൊരു കണ്ണൻ കരുമം പലതും പലരോടും ചെയ്തതുകൊണ്ട് കുറുവാടനുമായിത്തങ്ങളിലിടപാടുണ്ടായി തറവാടും നാടും വിട്ടു വടക്കു നടന്നു എന്ന് വിഷ്ണുമൂർത്തിയുടെ തോറ്റം പാട്ടിൽ പരാമർശമുണ്ട്.

പാലന്തായി കണ്ണൻ മംഗലാപുരത്ത് ഒരു തിയ്യത്തറവാട്ടിൽ അഭയം പ്രാപിച്ചു. വിഷ്ണുമൂർത്തിയായിരുന്നു ആ വീട്ടിലെ പരദേവത. പള്ളിയറയിൽ വിളക്കുവെച്ചും മറ്റും കണ്ണൻ പരദേവതയുടെ ഭക്തനായി മാറി. അങ്ങനെ പന്ത്രണ്ട് വർഷങ്ങൾ കഴിഞ്ഞു. ഒരു ദിവസം സ്വപ്നത്തിൽ പ്രത്യക്ഷമായ പരദേവത, അവനോട് തൻ്റെ ചുരികയുമെടുത്ത്, നാട്ടിലേക്കു മടങ്ങി പോവാനവശ്യപ്പെട്ടു. ഉണർന്നു നോക്കിയ കണ്ണൻ ചുരിക വിറച്ചുതുള്ളുന്നതാണു കണ്ടത്. 
ചുരികയുമായി യാത്രപുറപ്പെട്ട അവന് ആ വീട്ടിലെ അമ്മ ഒരു കന്നികുട നൽകി.
നീലേശ്വരത്ത് തിരിച്ചെത്തിയ കണ്ണൻ തൻ്റെ ബാല്യകാലസഖാവായ കനത്താടൻ മണിയാണിയുടെ വീട്ടിലെത്തി, അവിടെ നിന്ന് ഭക്ഷണം കഴിച്ചശേഷം കൈകഴുകാനായി കുളത്തിലെത്തിയ കണ്ണനെ കുറുവാടൻ കുറുപ്പ് വെട്ടിക്കൊലപ്പെടുത്തി.
തൻ്റെ വീട്ടിൽ തിരിച്ചെത്തിയ കുറുപ്പിന് സർ‌വത്ര അനർത്ഥങ്ങളാണ് കാണാൻ കഴിഞ്ഞത്.
പരിഹാരമായി പരദേവതയേയും കണ്ണനേയും തെയ്യങ്ങളായി കെട്ടിയാടിക്കാൻ തുടങ്ങി.

"എൻ ഉടയകണ്ണനെ കൊന്ന കുറുവാടനെ കണ്ടുപിടിച്ചു ഞാൻ

കൊന്നുയി അടക്കുമീ വണ്ണം മുടിക്കേണം"
എന്നും തെയ്യത്തിൻ്റെ ഉരിയാടലിൽ വ്യക്തമാക്കിയിട്ടുണ്ട്. 




ഈ തെയ്യത്തിൻ്റെ മൂലസ്ഥാനം മംഗലപുരത്തെ ജെപ്പ് എന്ന സ്ഥലത്തുള്ള കോയില്കുടിപാടി എന്ന തറവാടാണ്. നീലേശ്വരത്ത കോട്ടപ്പുറം വൈകുണ്ഠക്ഷേത്രം മറ്റൊരു പ്രധാനസ്ഥാനമാണ്. വിഷ്ണുമൂർത്തി മഹാവിഷ്ണുവിൻ്റെ നരസിംഹാവതാരമായി മാറുന്നതായും തെയ്യാട്ടത്തിൽ കാണാവുന്നതാണ്.

 വിഷ്ണുമൂർത്തി തെയ്യം 

കാസര്‍ഗോഡ്‌ ജില്ലയിലെ നീലേശ്വരത്തു കോട്ടപ്പുറം വൈകുണ്ടക്ഷേത്രമാണ് വിഷ്ണുമൂര്‍ത്തിയുടെ ആദ്യ ആരൂഡകേന്ദ്രം.

വിഷ്ണുമൂർത്തി തെയ്യത്തിൻ്റെ  തോറ്റം പാട്ടുകളിൽ നരസിംഹാവതാരത്തിൻ്റെ  ഗാംഭീര്യവും ഭക്തിയും നിറഞ്ഞുനിൽക്കുന്നു. നാടിനെയും നഗരത്തെയും കാത്തുരക്ഷിക്കാൻ പരമശിവൻ്റെ  (ശ്രീ നീലകണ്ഠൻ) ആജ്ഞപ്രകാരം കോട്ടപ്പുറത്ത് കുടികൊള്ളുന്ന നരസിംഹമൂർത്തിയെ വാഴ്ത്തുന്ന അതിപ്രശസ്തമായ തോറ്റം പാട്ട് വരികൾ താഴെ പറയുന്നവയാണ്:

"വാട്ടം വരാതെ രക്ഷാവരനിപുണനാം പുണ്ഡരീകാക്ഷനേവം പട്ടാണ്ടിന്നധിവാസമാ സ്ഥലമാം കോട്ടപ്പുറം ദൃഷ്ടമായ് നാട്ടിന്നും നഗരത്തിനും നടുവിൽ ശ്രീ നീലകണ്ഠാജ്ഞയാൽ വാണിടും നരസിംഹമൂർത്തി ഭഗവൽ ശ്രീപാദ പത്മം ഭജേ"

എന്ന് വിഷ്ണുമൂര്‍ത്തി തോറ്റം ചൊല്ലുന്നു. 

അർത്ഥം: ഭക്തർക്ക് യാതൊരു വാട്ടവും (ദുഃഖവും) വരാതെ കാത്തുരക്ഷിക്കാൻ നിപുണനായ പുണ്ഡരീകാക്ഷനായ (മഹാവിഷ്ണു) ഭഗവാൻ വസിക്കുന്ന സ്ഥലമായി കോട്ടപ്പുറം കാണപ്പെടുന്നു. നാടിനും നഗരത്തിനും നടുവിലായി ശ്രീ നീലകണ്ഠൻ്റെ  (പരമശിവൻ്റെ ) ആജ്ഞയാൽ വാഴുന്ന ആ നരസിംഹമൂർത്തിയുടെ ശ്രീപാദങ്ങളിൽ ഞാൻ ഭജിക്കുന്നു.

പാലാഴി പരപ്പേന്‍ എന്ന മലയനാണ് ആദ്യമായി വിഷ്ണുമൂര്‍ത്തി കെട്ടിയത്. 
തെയ്യത്തിൻ്റെ  രൂപഭാവങ്ങള്‍ പാലാഴി പരപ്പേന് പുരുഷോത്തമന്‍ സ്വപ്നത്തില്‍ കാണിച്ചുകൊടുത്തു. ഇക്കാര്യം വിഷ്ണുമൂര്‍ത്തിയുടെ തോറ്റത്തില്‍ തന്നെ പറയുന്നുണ്ട്. 
പണ്ടേ പാലാഴി തന്നിൽ പരമസുഖത്തോടു വാഴുന്ന ശ്രീ- വൈകുണ്ഡൻ മർത്ത്യ മൃഗേന്ദ്രമാ- യവതരിച്ചുണ്ടായ ശേഷം ഭുവി- മുൻപായ്‌ വന്നള്ളടത്തിൽ പുകൾപെരിയ സ്ഥലം നല്ല പാലാഴിദേശ- ത്തൻവും പാലായിപ്പരപ്പേൻ പരമപദസാജ്ഞത്തിങ്കലേൽപ്പിച്ചു കോലം എന്നിങ്ങനെയാണ് ആ വരികള്‍.

കാസര്ഗോയഡ്‌ ജില്ലയില്‍ നീലേശ്വരത്തിനടുത്താണ് വിഷ്ണുമൂര്ത്തിയുടെ ആരൂഡമായ കോട്ടപ്പുറം.
തീയര്ക്ക് പുറമേ സകല സമുദായങ്ങളും ഈ തെയ്യത്തെ ആരാധിക്കുന്നു.

കഥയിലെ കുറുപ്പിനെ ഹിരണ്യ കശിപുവായും കണ്ണനെ പ്രഹ്ലാദനായും ചിലര്‍ സങ്കല്പിച്ചു വരുന്നുണ്ട്.

ഈ തെയ്യത്തിൻ്റെ  മുഖത്തെഴുത്ത്‌ വളരെയധികം സൌന്ദര്യമുള്ളതാണ്.

തൻ്റെ  മടിയില്‍ വെച്ച് ഹിരണ്യകശിപുവിൻ്റെ  മാറ് പിളർന്ന്  ചോര കുടിക്കുന്ന നരസിംഹ മൂര്ത്തിയുടെ രൗദ്ര ഭാവമാണ് വിഷ്ണുമൂർത്തി തെയ്യത്തിലൂടെ ആവിഷ്ക്കരിക്കുന്നത് ഒപ്പം പ്രഹ്ലാദനെ ആശിർ വദിക്കുന്നതും. തൻ്റെ  ഭക്തനായ പാലന്തായി കണ്ണൻ്റെ  ചുരികപുറത്തേറി ഈ ദേവന്‍ നീലേശ്വരം കോട്ടപുറത്തേക്ക് എഴുന്നെള്ളിഎന്നും അവിടെ തെയ്യക്കോലം കെട്ടി ആരാധിച്ചുവെന്നും പറയപ്പെടുന്നു.


മിക്കവാറും കാവുകളില്‍ പ്രധാന ദേവന്‍ / ദേവി ആരായാലും അവിടെ ഉപദേവനായി വിഷ്ണു മൂര്ത്തി യെ വലതു വശത്ത് കാണാം. കൂട്ടത്തിനും കുറിക്കും അങ്കത്തിനും നായാട്ടിനും നരിവിളിക്കും തുണയായി എത്തുന്ന സാക്ഷാല്‍ നരഹരി ഭഗവാന്‍ നാരായണന്‍ തന്നെയാണ് പ്രധാന നാട്ടുപരദേവതയായ ഈ തെയ്യം.

തീച്ചാമുണ്ടി അഥവാ ഒറ്റക്കോലം 

ഉത്തര മലബാറിലെ കാവുകളിലും സ്ഥാനങ്ങളിലും കെട്ടിയാടുന്ന മഹാവിഷ്ണുവിൻ്റെ  നരസിംഹാവതാരമാണ് പരദേവത എന്ന് കൂടി അറിയപ്പെടുന്നു എന്ന് പറഞ്ഞുവല്ലോ.
പാലന്തായി കണ്ണൻ്റെ  പേരിലും ഇവിടെ തെയ്യം കെട്ടിയാടാറുണ്ട്. വിഷ്ണുമൂര്ത്തിയ ചാമുണ്ഡി എന്നും ഒറ്റക്കോലം എന്നും അറിയപ്പെടുന്നു. 
സാധാരണയായി മലയരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌.
എങ്കിലും പുലയരും ഈ തെയ്യം കെട്ടിയാടാറുണ്ട്.

മലയസമുദായക്കാര്‍ കെട്ടിയാടുന്ന ഈ തെയ്യം ഒറ്റക്കോലം എന്ന പേരിലും അറിയപ്പെടുന്നു.

തീച്ചാമുണ്ഡിയുടെ വേഷം നോക്കുകയാണെങ്കിൽ  വിഷ്ണുമൂർത്തിയുടേതായ ഒരു ഒരുക്കങ്ങളും ഉണ്ടാകില്ല. കുരുത്തോലകൾ കൊണ്ട് മാത്രമാണ് ഒട നിർമിക്കുന്നത്. 
ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്നാൽ  ഒട തന്നെയാണ്. 
ഇതിൻ്റെ  നിർമ്മിതിക്ക് പ്രത്യേകം പരിശീലനം ലഭിച്ചവർ തന്നെ വേണം. 
കാരണം തീചാമുണ്ഡി തെയ്യം 100ൽ അധികം തവണ തിയ്യിലേക്ക് തുള്ളുന്ന തെയ്യമാണ്. 
ഒട നിർമാണത്തിലെ ക്രമക്കേട് കോലധാരിയിൽ പൊള്ളൽ ഏൽപ്പിക്കാൻ സാധ്യതയുണ്ട്.
22 കുരുത്തോലകൾ ചെറിയചെറിയ  ഒലിയായി രൂപപ്പെടുത്തി എടുത്ത് അതിൽ നിന്നും ഇടതും വലതും വരുന്ന ഭാഗത്തു നിന്ന് കട്ടിയുള്ള കയർ പോലെ കൂട്ടിപ്പിരിച്ച ഒരു ഭാഗവും ആക്കും.
തീയ്യിൽ ചാടിയ തെയ്യത്തെ വലിച്ചു പുറത്തെടുക്കാൻ ആണ് ഇത് തയ്യാറാക്കുന്നത്.
ഒരാൾ പൊക്കത്തിലോ അതിനു മുകളിലോ ഉയരത്തിൽ തയ്യാറാക്കിയ മേലേരി യിലേക്കാണ് തെയ്യക്കോലം എടുത്തു ചാടുന്നത്.

അഗ്നിയിലെക്ക് എടുത്ത് ചാടുന്ന ഈ തെയ്യം നരസിംഹമൂര്ത്തിയുടെ എല്ലാ രൌദ്ര ഭാവങ്ങളും നമുക്ക് കാണിച്ചു തരുന്നുണ്ട്. 
തെയ്യത്തിൻ്റെ  വാമൊഴി കേട്ടു നോക്കൂ......

"ഇന്ധനം മലപോൽ കത്തിജ്വലിപ്പിച്ചതിൽ നിർത്തിയിട്ടുണ്ടെൻ

ഭക്തനാം പ്രഹ്ലാദനെ,

ദുഷ്ടനാം ഹിരണ്യകശിപു... അഗ്നിയിൽ കുരുത്ത വൃക്ഷമാണല്ലോ

വിഷ്ണുമൂർത്തി,

അതിനു തിരുവാട്ടകേട് വന്നിരിക്കുന്നതായോരപരാധത്തിനു

ഇടവരുത്തരുതല്ലോ..

ആയതൊന്നു ഞാൻ പരീക്ഷിക്കട്ടെ.."

അർത്ഥവും പൊരുളും: "ദുഷ്ടനായ ഹിരണ്യകശിപു എൻ്റെ  ഭക്തനായ പ്രഹ്ലാദനെ മലപോലെ ഇന്ധനം കൂട്ടി കത്തിച്ച തീക്കുണ്ടത്തിൽ നിർത്തിയിരിക്കുകയാണ്. വിഷ്ണുമൂർത്തി അഗ്നിയിൽ ജന്മമെടുത്ത (അഗ്നിയെപ്പോലെ രൗദ്രമായ) വൃക്ഷമാണല്ലോ. ആ ഭക്തന് അഗ്നിയിൽ യാതൊരു പോറലും (തിരുവാട്ടകേട്) ഏൽക്കുന്ന ഒരു അപരാധവും സംഭവിക്കാൻ പാടില്ല. അതിനാൽ ഈ അഗ്നിയെ ഞാനൊന്ന് പരീക്ഷിക്കട്ടെ," എന്നാണ് ഇതിൻ്റെ  അർത്ഥം.

തീച്ചാമുണ്ടിയുമായി ബന്ധപ്പെട്ടു നിരവധി ഐതിഹ്യങ്ങള്‍ പറഞ്ഞു കേൾക്കുന്നു.


ഹിരണ്യ വധം കഴിഞ്ഞിട്ടും നരസിംഹമൂര്ത്തിയുടെ കോപം ശമിക്കാത്തതിനാല്‍ മഹാദേവന്‍ തൻ്റെ തൃക്കണ്ണ്‍ തുറന്ന്‍ അഗ്നിയുണ്ടാക്കിയെന്നും അതില്‍ ചാടി നരസിംഹം തൻ്റെ  ദേഷ്യം ശമിപ്പിച്ചുവെന്നാണ് ഇതില്‍ ഒരു കഥ. മറ്റൊന്ന് ഹിരണ്യകശിപുവിനെ കൊന്ന് പ്രഹ്ലാദനെ രക്ഷിച്ച നരസിംഹ മൂർത്തിയെയാണ് തീച്ചാമുണ്ടിയായി കെട്ടിയാടുന്നത്‌ എന്നതാണ്.


നാരായണ നാമം ജപിച്ച പ്രഹ്ലാദനെ കൊല്ലാന്‍ ഹിരണ്യകശിപു പുത്രനെ അഗ്നിയില്‍ എറിഞ്ഞെന്നും തൻ്റെ  ഭക്തനെ രക്ഷിക്കാന്‍ മഹാവിഷ്ണു അഗ്നിയിലെക്ക് ചാടിയതാണ് എന്നും അതാണ്‌ തീ ചാമുണ്ടിയിലൂടെ കാണിച്ചു തരുന്നതെന്നും ഒരു കഥ.
എന്നാല്‍ ഹിരണ്യകശിപുവിനെ കൊന്ന ശേഷം ഭഗവാന്‍ നാരായണന്‍ അഗ്നി ശുദ്ധി വരുത്തിയതാണ് തീചാമുണ്ടിയിലൂടെ കാണിച്ചു തരുന്നതെന്നും ഒരു കഥയുണ്ട്. ഇങ്ങിനെ നിരവധി കഥകള്‍ തീചാമുണ്ടിയെക്കുറിച്ച് ഉണ്ട്.

 

 

theyyam calender update soon .... | kerala temple info



WhatsAppShare
Share
Top